District News
കോഴിക്കോട്: ബീച്ചില്‍ ഫുഡ് സ്ട്രീറ്റ് തുടങ്ങിയതോടെ അവിടെ കച്ചവടം നടത്തിയിരുന്ന പഴകിയതും ദ്രവിച്ചു തുടങ്ങിയതുമായ ഉന്തുവണ്ടികള്‍ കോര്പറേഷന് പിടിച്ചെടുത്ത് കോന്നാട് ബീച്ചില്‍ തള്ളുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. 90 ഉന്തുവണ്ടികള്ക്കാണ് ബീച്ചില്‍ അനുമതിയുള്ളത്. അവയില്‍ പകുതിയില്‍ താഴെ മാത്രമെ രംഗത്തുള്ളൂ.
എന്നാല്‍, രജിസ്റ്റര്‍ ചെയ്ത ഉന്തുവണ്ടികളല്ലാത്തവ അനുവദിക്കില്ല എന്ന നിലപാടിലാണ് കോര്പറേഷന്. ഇതിന്റെ ഭാഗമായാണ് പഴയവണ്ടികള്‍ പിടിച്ചെടുത്ത് മാറ്റിയത്. ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം നടന്നതിന്റെ തലേദിവസം മുതല്‍ കോന്നാട് ബീച്ചില്‍ പഴയ ഉന്തുവണ്ടികള്‍ കൂട്ടത്തോടെ എത്തിച്ചിരുന്നു. ഇവിടെ കച്ചവടക്കാര്‍ തമ്പടിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. കോന്നാട് ബീച്ചിന്റെ സൗന്ദര്യം നശിപ്പിക്കാന്‍ ഇത് ഇടയാക്കുമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. തള്ളിയ ഉന്തുവണ്ടികള്‍ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എവിടെനിന്നോ വരുന്ന ആളുകളാണ് പുതിയ ലൈസന്‍സ് ഇല്ലാത്ത കട ഇവിടെ കൊണ്ടുപോയി ഇടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വണ്ടികള്‍ എത്രയും പെട്ടന്ന് ഇവിടെനിന്ന് എടുത്തു മാറ്റിയില്ലെങ്കില്‍ ഇതിനെതിരേ നാട്ടുകാര്‍ വന്‍പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായി കാമ്പുറം സ്നേഹതീരം റസിഡന്‍സി സെക്രട്ടറി ഹര്ഷന് കാമ്പുറം, പ്രസിഡന്റ് യൂസഫ് എന്നിവര്‍ പറഞ്ഞു.
രാത്രികാലങ്ങളില്‍ ഉന്തുവണ്ടികള്‍ക്ക് മറവില്‍ സാമൂഹ്യവിരുദ്ധര്‍ കോന്നാട് ബീച്ച് കൈയടക്കുമോ എന്ന ആശങ്കയും നാട്ടുകാര്‍ പങ്കുവയ്ക്കുന്നു. ഈ വിഷയത്തില്‍ പരിസരവാസികളുടെ പ്രതിഷേധം ശക്തമാണ്. നേരത്തെ കോന്നാട് ബീച്ചില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരുന്നു.
വിവാഹചടങ്ങുകളുടെ ഭാഗമായുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഇവിടെ തള്ളിയിരുന്നു. നാട്ടുകാരുടെ ഇടപെടല്‍ കാരണം അതിന് ശമനം വന്നു. അപ്പോഴാണ് ഉന്തുവണ്ടികള്‍ ഒന്നിച്ച് തള്ളുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.
അതേസമയം, ഫുഡ് സ്ട്രീറ്റ് പരിസരത്ത് പഴയ ഉന്തുവണ്ടികള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് കോര്പറേഷന്. പഴയ ഉന്തുവണ്ടികള്‍ വയ്ക്കുന്നതിന് കോര്പറേഷന് തന്നെ സംവിധാനം കണ്ടെത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
District News
6,773 കുടുംബങ്ങളെയാണ് ജില്ലയില്‍ അതിദാരിദ്ര്യമുക്തമാക്കിയത്
കോഴിക്കോട്: അതിദരിദ്രരില്ലാത്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് ചുവടുവച്ച് കോഴിക്കോട്. നവംബര്‍ ഒന്നിന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം കണ്ടത്.
28ന് രാവിലെ 10.30ന് കോഴിക്കോട് എസ്.കെ. പൊറ്റക്കാട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന് അതിദാരിദ്ര്യമുക്ത ജില്ല പ്രഖ്യാപനം നിര്‍വഹിക്കും. ഇതോടൊപ്പം ഒരു തൈ നടാം കാമ്പയിന് ജില്ലയില്‍ ലക്ഷ്യം കൈവരിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിക്കും. സമ്പൂര്‍ണ ജലബജറ്റ് ജില്ലാ പ്രഖ്യാപനവും കോര്‍പറേഷന്റെ ജലബജറ്റ് പ്രകാശനവും അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ നിര്‍വഹിക്കും.
സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലാ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിക്കും. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. ഹരിതകേരളം മിഷന് ജില്ലാ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പ്രകാശനം ചെയ്യും.
2021-22ല്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സര്‍വേ നടത്തിയപ്പോള്‍ 6,773 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിരുന്നത്. ഇവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയുമെല്ലാം സഹായത്തോടെ ആവശ്യമായ ഭക്ഷണവും ആരോഗ്യ പരിരക്ഷയും വരുമാന സംരംഭങ്ങളും സുരക്ഷിതമായ പാര്‍പ്പിടവും ഒരുക്കിയാണ് ലക്ഷ്യത്തിലേക്ക് മുന്നേറിയത്.
1,816 കുടുംബങ്ങള്‍ക്ക് ഭക്ഷണവും 4,775 പേര്‍ക്ക് മരുന്നും 579 കുടുംബങ്ങള്‍ക്ക് പാലിയേറ്റീവ് പരിചരണവും 73 പേര്‍ക്ക് ആരോഗ്യ സഹായ ഉപകരണങ്ങളും 513 കുടുംബങ്ങള്‍ക്ക് വരുമാനവും 2,050 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടവും ഒരുക്കി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെല്ലാം ഇതിനകം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.
District News
തിരുവമ്പാടി: പഞ്ചായത്ത് വികസന സന്ദേശ യാത്രക്ക് ആനക്കാംപൊയിലിൽ തുടക്കമായി. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, തിരുവന്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസണ് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ അധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.ജെ. ടെന്നിസൺ മുഖ്യപ്രഭാഷണം നടത്തി. ബോസ് ജേക്കബ്, ബാബു കളത്തൂർ, ഷൗക്കത്ത് കൊല്ലളത്തിൽ, ഷിനോയ് അടക്കാപ്പാറ, മില്ലി മോഹൻ, മനോജ് വാഴെപ്പറമ്പിൽ, രാജു അമ്പലത്തിങ്കൽ, അസ്ക്കർ ചെറിയമ്പലം, മഞ്ജു ഷിബിൻ എന്നിവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: മലബാർ സഹോദയ കോംപ്ലക്സ് കോഴിക്കോട് ജില്ലാ സിബിഎസ്സി സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിന് വൻ വിജയം.
മൊത്തം എണ്ണൂറ്റൻപതിലേറെ പോയന്റുകൾ എന്ന ചരിത്ര നേട്ടത്തോടെയാണ് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ ജില്ലാ കിരീടം നിലനിർത്തിയത്. ചെത്തുകടവ് കെപിസിഎം ശ്രീനാരായണ വിദ്യാലയത്തിൽ വച്ച് നടന്ന കലോത്സവത്തിൽ മൊത്തം 857 പോയന്റുകൾ കരസ്ഥമാക്കിയാണ് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ ചാമ്പ്യൻമാരായത്.
808 പോയിന്റ് നേടി ദേവഗിരി സിഎംഐ സ്കൂൾ രണ്ടാമതെത്തിയപ്പോൾ 619 പോയിന്റുമായി ചേവായൂർ ഭാരതീയ വിദ്യാഭവൻ സ്കൂളാണ് മൂന്നാം സ്ഥാനം നേടിയത്. കോഴിക്കോട് ജില്ലയിലെ 67 സ്കൂളുകളിൽ നിന്ന് നാല് കാറ്റഗറികളിലായി 3900 വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുത്തു. ഐടി ഫെസ്റ്റ്, ഓഫ് സ്റ്റേജ്, പെർഫോമിംഗ് ആർട്ട്സ്, സ്റ്റേജ് ഇനങ്ങൾ എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് ജില്ലാ കലോത്സവം നടന്നത്.
District News
പേരാമ്പ്ര: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചു കക്കാട് ബൈപാസ് റോഡിൽ ദിവസങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഹൈമാസ് ലൈറ്റുകൾ പ്രവർത്തന രഹിതമായിട്ട് ഇതുവരെ റിപ്പയർ ചെയ്യാത്തത്തിനെതിരേ കക്കാട് ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു.
കാരാറുക്കാർക്ക് ലക്ഷങ്ങൾ അഴിമതി നടത്താനുള്ള വെള്ളാനകളായി ഇത്തരം പ്രവർത്തികൾ മാറിയിരിക്കുന്നുവെന്നും യൂത്ത് ലീഗ് ആരോപിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്പ്രസിഡന്റ് സി.പി. ഹമീദ് ഉദ്ഘാടനം ചെയ്തു. എം. സിയാസർ അധ്യക്ഷത വഹിച്ചു. എം.സി. അഫ്സൽ, എൻ.കെ. അസീസ്, ഒ.ടി. ശംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
District News
കൂടരഞ്ഞി: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പരാതി. ജോലി ആവശ്യാർഥം മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്നവരെ പോലും വോട്ടർ പട്ടികയിൽ നിന്നും വെട്ടി നീക്കിയതായാണ് ആരോപണം.
ജോലി ആവശ്യാർഥം പോണ്ടിച്ചേരിയിലുള്ള മകന്റെ അടുത്ത് താത്ക്കാലിക താമസത്തിന് പോയ അമ്മയെയും 101 വയസുള്ള വല്യമ്മയെയും വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായും പരാതിയുണ്ട്. കക്കാടംപൊയിൽ വട്ടപ്പാറയിൽ മറിയം, മേരി, ജോയിസ് ജോൺസൺ എന്നിവരുടെ പേരുകളാണ് വേട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തത്.
വോട്ട് നീക്കം ചെയ്യുന്നത് ഒഴുവാക്കാൻ 101 വയസുള്ള മറിയം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹിയറിംഗിന് ഹാജരായി കാര്യങ്ങൾ അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു. വോട്ട് നീക്കം ചെയ്യില്ല എന്ന് ഉറപ്പ് നൽകിയ ശേഷമാണ് ഹിയറിംഗ് ദിവസം മറിയം പഞ്ചായത്തിൽ നിന്നും പോയത്. എന്നാൽ പിന്നീട് അധികൃതർ വാക്കു മാറ്റുകയായിരുന്നു.
ഇതേ വാർഡിൽ തന്നെ താമസമില്ലാത്ത വാർഡ് മെമ്പർ സീന ബിജുവിന്റെയും കുടുംബത്തിലെ മറ്റ് മൂന്ന് വോട്ടുകളും വാർഡിൽ താമസം ഉണ്ട് എന്ന് റിപ്പോർട്ട് ഉണ്ടാക്കി പട്ടികയിൽ നിലനിർത്തിയതായും ആരോപണം ഉണ്ട്.
District News
കോഴിക്കോട്: സംഗീതാർച്ചനയാൽ ചെമ്പൈ സ്വാമികൾക്ക് ശ്രദ്ധാജ്ഞലി നേർന്നും മുതിർന്ന സംഗീതജ്ഞരെ ആദരിച്ചും ചെമ്പൈ സംഗീതോത്സവ സുവർണ ജൂബിലി പ്രൗഢമായി ആഘോഷിച്ചു.
കേസരി ഭവനിൽ നടന്ന സുവർണ ജൂബിലി ആഘോഷം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പതിനഞ്ച് ദിവസം തുടർച്ചയായി മൂവായിരത്തിലേറെ കലാകാരൻമാർ അണിനിരക്കുന്ന സംഗീതോത്സവം ഗുരുവായൂർ ചെമ്പൈ സംഗീതോത്സവമല്ലാതെ ഏഷ്യയിൽ വേറെയില്ലെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷനായി. സംസ്ഥാനത്ത് ആറു കേന്ദ്രങ്ങളിലായി നടക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളിൽ അഞ്ചാമത്തേതായിരുന്നു കോഴിക്കോട്ടേത്.
സാധകം സംഗീത സഭയുടെ സഹകരണത്തോടെയായിരുന്നു പരിപാടികൾ. പി.കെ. കേരളവർമ്മ സാമൂതിരി രാജ വിശിഷ്ട സാന്നിധ്യമായി പങ്കെടുത്തു. പ്രശസ്ത കലാനിരൂപകൻ എം.ജെ ശ്രീ ചിത്രൻ ചെമ്പൈ അനുസ്മരണ പ്രഭാഷണം നടത്തി.
District News
കോഴിക്കോട്: ജല്‍ജീവന്‍ മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ച റോഡുകളുടെ പ്രവൃത്തി അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണമെന്നും അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്നും ജില്ലാ വികസന വികസന സമിതി യോഗത്തില്‍ ആവശ്യം.
ജില്ലയില്‍ എല്ലായിടത്തും പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ച റോഡുകള്‍ ശോച്യാവസ്ഥയിലായതിനാല്‍ പ്രശ്നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കരാറുകാര്‍ റോഡുകളുടെ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് കുഞ്ഞമ്മദ്കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു.
പെരിഞ്ചേരി കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രവൃത്തി തുലാവര്‍ഷം കഴിഞ്ഞയുടന്‍ സമയക്രമം നിശ്ചയിച്ച് പൂര്‍ത്തിയാക്കണമെന്നും ലോകനാര്‍കാവ് മ്യൂസിയത്തിന്റെ പ്രവൃത്തി ജനുവരിയില്‍ പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ബജറ്റില്‍ ആറ് കോടി രൂപ അനുവദിച്ച കുറ്റിയൂട്ട് ബൈപാസിന്റെയും വാണിമേല്‍ പുഴയുടെ സ്വാഭാവികത വീണ്ടെടുക്കല്‍ പ്രവൃത്തിയുടെയും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ഇ.കെ. വിജയന് എംഎല്‍എ നിര്‍ദേശിച്ചു. എയിംസിന് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ വില എത്രയും വേഗം നിര്‍ണയിക്കാന്‍ കെ.എം. സച്ചിന് ദേവ് എംഎല്‍എ ആവശ്യപ്പെട്ടു.
കൂരാച്ചുണ്ട് വനാതിര്‍ത്തിയില്‍ 20 കിലോമീറ്റര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ റിപ്പോര്‍ട്ട് അടുത്ത വികസന സമിതിയില്‍ വെക്കാനും നമ്പികുളം ഇക്കോ ടൂറിസം പ്രവൃത്തി, കൂട്ടാലിട ടൗണ്‍ നവീകരണ പ്രവൃത്തി എന്നിവ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കാനും എംഎല്‍എ ആവശ്യപ്പെട്ടു. ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര പേള്‍ പാര്‍ക്ക് ഒന്നിലെ താമസക്കാര്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന ആവശ്യം പി.ടി.എ. റഹീം എംഎല്‍എ ഉന്നയിച്ചു.
ദേശീയപാത 766ലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സംവിധാനങ്ങളൊരുക്കാനും എംഎല്‍എ നിര്‍ദേശിച്ചു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കോരപ്പുഴയിലേക്കുള്ള ഒഴുക്ക് തടസപ്പെടുന്ന രീതിയിലുള്ള കരിങ്കല്‍ അവശിഷ്ടങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യാന്‍ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ ആവശ്യപ്പെട്ടു.
നോര്‍ത്ത് നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളിലെ കുഴികള്‍ അടക്കാന്‍ നടപടി വേഗത്തിലാക്കാനും എംഎല്‍എ നിര്‍ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസന സമിതിയില്‍ എഡിഎം സി. മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ആര്. രത്നേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
District News
വടകര: മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ് ബുക്കിലൂടെ അപമാനിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്ത വള്ളിക്കാട് സ്വദേശി പോലീസ് പിടിയിൽ.
ഐവളപ്പു കുനിയില്‍ സജിത്തിനെയാണ് വടകര പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ വയനാട് ഡീ അഡിക്ഷന് സെന്ററിലേക്ക് അയക്കാന്‍ തീരുമാനിച്ചതായി പോലീസ് അറിയിച്ചു.
District News
തിക്കോടി: 2031 വരെയുള്ള കാലയളവില്‍ സംസ്ഥാനം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങളെ കുറിച്ച് ജനഹിത പരിശോധന നടത്തുകയാണ് വികസന സദസുകളിലൂടെയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്.
തിക്കോടി ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായി. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി വിട്ടുനല്‍കിയവരെയും ഹരിത കര്‍മസേന അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. റിസോഴ്സ് പേഴ്സണ്‍ പി.കെ. ഷിജു സംസ്ഥാന സര്‍ക്കാറിന്റെയും സെക്രട്ടറി ഇന്‍-ചാര്‍ജ് എം.ടി. വിനോദന്‍ പഞ്ചായത്തിന്റെയും വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചു.
അകലാപ്പുഴ കോള്‍നില-ടൂറിസം വികസനത്തിന് പദ്ധതികള്‍ ആവിഷ്കരിക്കുക, പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും റോഡ് സൗകര്യം ഉറപ്പുവരുത്തുക, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം കൂടുതല്‍ ഫലപ്രദമാക്കാന്‍ പൊതുജനാവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക, പയ്യോളി സിഎച്ച്സി വികസന പദ്ധതികള്‍ ആവിഷ്കരിക്കുക തുടങ്ങിയ അഭിപ്രായങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
District News
കൂരാച്ചുണ്ട്: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ച കേരള സർക്കാർ നടപടിക്കെതിരേ കെഎസ്യു ബാലുശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.
കേരളത്തിലെ ക്ലാസ് മുറികൾ സംഘ പരിവാർ നിർമിത ചരിത്രം പഠിക്കേണ്ടുന്ന ഇടങ്ങൾ ആക്കി മതേതര കേരളത്തെ ആർഎസ്എസ് ശക്തിക്ക് അടിയറവ് പറയുന്ന തരത്തിലാണ് കേരള ഭരണകൂടം പ്രവർത്തിക്കുന്നതെന്നും ഇതിനെ മത നിരപേക്ഷ കേരളം ചെറുത്തു തോൽപിക്കുമെന്നും കെഎസ്യു പ്രസ്ഥാവിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് സുബിൻ സജി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ, ജനറൽ സെക്രട്ടറി ബിബിൽ കല്ലട, ഇ.എം. ആസിൽ, ആകാശ് കായണ്ണ, വിഷ്ണു പനങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: കേരളത്തിലെ വിദ്യാഭ്യാസനയം അട്ടിമറിക്കുവാൻ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയിൽ കൂരാച്ചുണ്ടിൽ യൂത്ത് ലീഗും, എംഎസ്എഫും സംയുക്തമായി പ്രതിഷേധ റാലി നടത്തി.
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ചു. പ്രതിഷേധ യോഗം വി.എസ്. ഹമീദ് ഉദ്ഘാടനം ചെയ്തു. പി.കെ. ജിൻസിൽ അധ്യക്ഷത വഹിച്ചു.
ഒ.കെ. നവാസ്, സിറാജ് പാറച്ചാലിൽ, സാദിഖ് കരേചാളക്കൽ, ഒ.കെ. റിഷൽ, ഷൗക്കത്ത് കക്കാട്ടുമ്മൽ, വി.എസ്. സൈഫുദ്ദീൻ, ഷഹൽ ആനിയോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു. കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിസ്ഥലത്തെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പുലി വീണത്.
തുടർന്ന് കിണറ്റിൽ സ്ഥാപിച്ച കൂട്ടില്‍ പുലി കയറുകയായിരുന്നു. പുലിയെ താമരശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടുമെന്നും പുലി പൂര്‍ണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസ് അധികൃതരും ഫയര്‍ഫോഴ്സും നേതൃത്വം നൽകി.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (51) ആണ് മരിച്ചത്.
ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. എന്നാൽ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കിൽ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്.
എവിടെനിന്നാണ് ഷാജിക്ക് അണുബാധയുണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്നോളം സംസ്ഥാനത്തെ വിവധ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്.
മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന(56) കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗംബാധിച്ച് മരിച്ചത്. വയനാട് ബത്തേരി സ്വദേശി രതീഷ്, കോഴിക്കോട് ഓമശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞ്, മലപ്പുറം കണ്ണമംഗലം സ്വദേശി റംല, കോഴിക്കോട് താമരശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയ എന്നിവരാണ് കഴിഞ്ഞ ഒരുമാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവര്‍.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചത്.
Kerala
കോഴിക്കോട്: താമരശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു.
ഏഴുവയസുകാരന് ഇന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നുകാരിക്ക് ബുധനാഴ്ച രോഗം സ്ഥീരികരിച്ചിരുന്നു.
Kerala
കോഴിക്കോട്: വിലങ്ങാട്, കല്ലാച്ചി മേഖലകളില്‍ ശക്തമായ മഴയ്ക്കൊപ്പം മിന്നല്‍ചുഴലിയും. കനത്ത കാറ്റിൽ വന്‍ മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ തകര്‍ന്നു.
നാദാപുരം പഞ്ചായത്ത് നാലാം വാര്‍ഡ് തെരുവന്‍ പറമ്പ് , ചിയ്യൂര് , ചീറോത്ത് മുക്ക് എന്നിവിടങ്ങളിലും വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മേഖലകളിലുമാണ് മിന്നല്‍ ചുഴലി നാശം വിതച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കാറ്റ് വീശിയത്.
വീടുകള്‍ക്ക് മുകളില്‍ വന്‍ മരങ്ങളും തെങ്ങുകളും കടപുഴകി വീണു. വീടുകള്‍ മരം വീണ് തകര്‍ന്നു. പല വീടുകളുടെയും ഓടുകള്‍ പാറിപ്പോയി. കല്ലാച്ചിയില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ തെങ്ങ് വീണ് കാര്‍ തകര്‍ന്നു.
വിലങ്ങാട് ഉരുട്ടി , വാളൂക്ക് പ്രദേശങ്ങളിലും അതി ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മേല്‍ പതിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ മേഖലയില്‍ സംഭവിച്ചത്. കല്ലാച്ചിയില്‍ വൈദ്യുതി ബന്ധവും താറുമാറായി.മരങ്ങള്‍ വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ഇതോടെ ഈ മേഖല ഇരുട്ടിലായി. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
District News
കോഴിക്കോട് ഐ.ഐ.എം. എമെറിറ്റസുമായി സഹകരിച്ച് നിർമ്മിത ബുദ്ധി (AI) കേന്ദ്രീകരിച്ചുള്ള പുതിയ അഡ്വാൻസ്ഡ് ലീഡർഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നു. മുതിർന്ന പ്രൊഫഷണലുകളെ അത്യാധുനിക ലീഡർഷിപ്പ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, സ്ട്രാറ്റജിക് മാനേജ്\u200cമെന്റ് കഴിവുകൾ എന്നിവയിൽ ശാക്തീകരിക്കുക എന്നതാണ് 12 മാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. ജൂൺ 28, 2025-ന് പ്രോഗ്രാം ആരംഭിക്കും.
ഓൺലൈൻ മൊഡ്യൂളുകളും ഐ.ഐ.എം. കോഴിക്കോട്ടെ പ്രഗത്ഭരായ അധ്യാപകരും വ്യവസായ പ്രമുഖരും നയിക്കുന്ന ലൈവ് ഇന്ററാക്ടീവ് സെഷനുകളും ഉൾപ്പെടുന്ന ബ്ലെൻഡഡ് പഠനരീതിയാണ് ഈ പ്രോഗ്രാമിന്റെ പ്രത്യേകത. 6,23,000 രൂപയും ജി.എസ്.ടി.യും അടങ്ങുന്നതാണ് കോഴ്സ് ഫീസ്. സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളെ നേരിടാൻ ഈ പ്രോഗ്രാം സഹായകമാകും.
ഡിജിറ്റൽ യുഗത്തിൽ നേതൃത്വം നൽകുന്നതിനുള്ള കഴിവുകൾ വികസിപ്പിക്കാനും, വിവിധ വ്യവസായങ്ങളിലെ ഉൾക്കാഴ്ചകൾ നേടാനും, സമകാലിക ബിസിനസ്സ് വെല്ലുവിളികൾക്ക് അനുസൃതമായ തന്ത്രപരമായ ചട്ടക്കൂടുകൾ നടപ്പിലാക്കാനും ഈ പ്രോഗ്രാം അവസരം നൽകും.
District News
കോഴിക്കോട് ചാലിയത്ത് ഒരു വ്യോമപ്രതിരോധ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യൻ വ്യോമസേന നിർദേശം സമർപ്പിച്ചതായി ജില്ലാ കളക്ടർ സ്\u200cനേഹിൽ കുമാർ സിംഗ് അറിയിച്ചു. മിസൈലുകളും മറ്റ് വ്യോമ ഭീഷണികളും കണ്ടെത്താൻ കഴിയുന്ന അത്യാധുനിക റഡാർ സംവിധാനങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ പ്രാഥമികമായി ഉണ്ടാകുക. ഇത് വ്യോമസേനയുടെ സംയോജിത വ്യോമ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റത്തിന്റെ (IACCS) അവിഭാജ്യ ഘടകമാണ്.
നിലവിൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡെവലപ്\u200cമെന്റ് ഇൻ ഡിഫൻസ് ഷിപ്പ്\u200cബിൽഡിംഗിന്റെ (NIRDESH) കൈവശമുള്ള 40 ഏക്കർ ഭൂമിയാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. ബേപ്പൂർ തുറമുഖത്തിന് എതിർവശത്തായും ചാലിയാർ പുഴയുടെ വടക്ക് ഭാഗത്തും കടലുണ്ടി പുഴയുടെ തെക്ക് ഭാഗത്തും കോനോളി കനാലിന്റെ കിഴക്ക് ഭാഗത്തുമയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തന്ത്രപ്രധാനമായ ഈ തീരദേശ സ്ഥാനം കാരണമാണ് വ്യോമസേന ഈ സ്ഥലം ആവശ്യപ്പെട്ടതെന്ന് കളക്ടർ പറഞ്ഞു.
ഭൂമി കൈമാറ്റം ചെയ്യുന്നതിന് വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനം ആവശ്യമാണെന്നും നിലവിൽ NIRDESH പദ്ധതിയുമായി മുന്നോട്ട് പോകുന്നുണ്ടോ എന്ന് സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു. ഈ പദ്ധതി യാഥാർത്ഥ്യമായാൽ കോഴിക്കോടിന് അത് വലിയ നേട്ടമാകും.
District News
തിരുവമ്പാടി: 40 വർഷം പൂർത്തിയാക്കുന്ന തിരുവമ്പാടി വൈഎംസിഎയുടെ റൂബി ജൂബിലി ആഘോഷം അൽഫോൻസ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. തിരുവമ്പാടി വൈഎംസിഎ വൃക്ക രോഗികൾക്ക് ഡയാലിസിസ് നടത്തുവാൻ തിരുവമ്പാടി ലിസ ഹോസ്പിറ്റലുമായി സഹകരിക്കാൻ തീരുമാനമെടുത്തു. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നിർവഹിച്ചു.
വൈഎംസിഎ കേരള റീജയൻ ചെയർമാൻ പ്രഫ. അലക്സ് തോമസ് മുഖ്യാതിഥിയായി. അൽഫോൻസാ കോളജ് മാനേജർ ഫാ. സ്കറിയ മങ്കരയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. തിരുവമ്പാടി വൈഎംസിഎ പ്രസിഡന്റ് സണ്ണി പെണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികൾക്കുള്ള സത്യപ്രതിജ്ഞയ്ക്ക് കോഴിക്കോട് സബ് റീജിയൻ ചെയർമാൻ ജേക്കബ് ജോൺ നേതൃത്വം നൽകി. പുതിയ അംഗങ്ങൾക്കുള്ള സ്ഥാനാരോഹണം ദേശീയ നിർവാഹക സമിതി അംഗം വി.എം. മത്തായി നിർവഹിച്ചു.
ജൂബിലിയുടെ ഭാഗമായി സ്ഥാപക അംഗങ്ങളെയും സാമൂഹിക സാംസ്കാരിക മേഖലയിൽ മികവ് പുലർത്തുന്ന കെ.സി. മാത്യു, കെ.ആർ. ബാബു എന്നിവരെയും ആദരിച്ചു. ദേശീയ നിർവാഹക സമിതി അംഗം വർഗീസ് അലക്സാണ്ടർ, നാഷണൽ പ്രോജക്ട് അംഗം ബിജു തിണ്ടിയത്ത്, നോർത്ത് സോൺ കോഡിനേറ്റർ ജെയിംസ് ജോസഫ്, പ്രോഗ്രാം കൺവീനർ ഡോ. പി.എ. മത്തായി, സാലസ് മാത്യു എന്നിവർ പ്രസംഗിച്ചു.
എം.സി. തോമസ്, ബാജി ജോസഫ്, ജോസ് ആലക്കൽ, ബാബു ജോസഫ്, സാലസ് മാത്യു എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ അംഗങ്ങളുടെ കുടുംബസംഗമവും നടന്നു.
District News
പെരുവണ്ണാമൂഴി: ദിവസവും നൂറ് കണക്കിന് സന്ദർശകർ എത്തുന്ന പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ റോഡുകൾ തോടായി. പ്രവേശന കവാടത്തിനു സമീപം പാത തകർന്ന് ഉറവ ജലം കുതിച്ചൊഴുകുകയാണ്. ഇവിടം ഏത് നിമിഷവും ഇടിഞ്ഞ് താഴാൻ ഇടയുണ്ട്.
ടൂറിസ്റ്റ് കേന്ദ്രവും റോഡും ജലസേചന വകുപ്പിന്റെ അധീനതയിലാണ്. രണ്ട് മാസം മുമ്പ് ജലജീവൻ പദ്ധതി പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ച് താഴ്ത്തിയിരുന്നു. പൈപ്പിടാൻ പാറയുള്ള ഭാഗം സ്ഫോടനം നടത്തിയാണ് ഗർത്തമുണ്ടാക്കിയത്. ഇത് കുഴൽ സ്ഥാപിച്ച് മൂടിയെങ്കിലും മഴ ആരംഭിച്ചതോടെ ഇവിടെയാണ് ഉറവ പൊട്ടി റോഡ് തോടായിരിക്കുന്നത്.
പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിനു മുമ്പ് റോഡ് നേരെയാക്കാൻ വേഗത്തിൽ ടാർ ചെയ്തിരുന്നു. ഒരാഴ്ചയാണ് ഫെസ്റ്റ് നടന്നത്. ഇതിനു ശേഷം റോഡിന്റെ തകർച്ച തുടങ്ങി. ഇതോടെ വാഹനങ്ങളിലെത്തുന്ന സന്ദർശകരുടെയും നാട്ടുകാരുടേയും കഷ്ടകാലവും ആരംഭിച്ചു.
ജലസേചന വകുപ്പ് തകർന്ന റോഡ് നേരെയാക്കാൻ ജല അഥോറിറ്റിക്ക് സത്വര നിർദേശം നൽകിയാൽ മാത്രമേ പ്രശ്നം പരിഹരിക്കുകയുള്ളൂ. എത്രയും വേഗം റോഡ് നന്നാക്കി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.